Monday, February 22, 2010

‘അമ്മ’ ശരണമില്ലാത്ത ശബരിമല-തിലകന്‍


Posted by varun - 04/02/10 at 02:02 pm

dsc_0009

സുഭദ്ര

ലയാളത്തിന്‍റെ അഭിനയ പെരുന്തച്ചന്‍ തിലകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ തന്‍റെ അഭിനയ ജീവിതത്തിനു തടസ്സം നില്‍ക്കുന്നെന്ന തിലകന്‍റെ തുറന്നുപറച്ചിലാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. സംവിധായകന്‍ വിനയന്‍റെ ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ടാണ് തനിക്ക് വിലക്കുവന്നതെന്ന് തിലകന്‍ പറയുന്നു. സിനിമാ സംഘടനകള്‍ തമ്മിലുളള തര്‍ക്കത്തിന്‍റെ ബാക്കിപത്രം. ഈ തര്‍ക്കം കൊണ്ട് മലയാളത്തിന്‍റെ പ്രിയപ്പെട്ട നടനെ എന്നെന്നേക്കുമായി മലയാള സിനിമാ ലോകത്തിന് നഷ്ടമാകുമോ ? പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിലകനുമായി സുഭദ്ര നടത്തിയ സുദീര്‍ഘമായ സംഭാഷണം

‘ഇങ്ങനെ പോയാല്‍ എന്നിലെ നടന്‍ ആത്മഹത്യചെയ്യേണ്ടി വരും ‘ എന്ന് താങ്കള്‍ പറഞ്ഞത് ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്തായിരുന്നു പ്രകോപനം ?

എന്നിലെ നടന്‍ ആത്മഹത്യ ചെയ്യും എന്ന്‌ ഞാന്‍ പറഞ്ഞത് സത്യമാണ്. ഇവിടെ വിനയന്‍ എന്ന സംവിധായകന്‍റെ പടത്തില്‍ അഭിനയിച്ചുപോയതുകൊണ്ട് മറ്റ് പല പടത്തിലും അഭിനയിപ്പിക്കില്ലെന്ന വിലക്കാണെനിക്ക്. ഇത് ഒരു സൂപ്പര്‍ താരവും അയാളെ ചുറ്റിപറ്റിയുളള ചിലരും നടത്തിക്കൊണ്ടിരിക്കുന്ന കളിയാണ്. എന്നെ പൂര്‍ണ്ണമായി സിനിമയില്‍ നിന്ന് ഒഴിവാക്കാനുളള തന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അന്‍പത്തിമൂന്നു വര്‍ഷമായി ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്‌. ഇടയ്‌ക്കു രണ്ട്‌ വര്‍ഷം പട്ടാളത്തില്‍ പോയി അവിടെയും അഭിനയിച്ചു- ഹിന്ദി നാടകത്തില്‍. ജീവിതം മുഴുവന്‍ ഞാന്‍ അഭിനയത്തിന് വേണ്ടി മാറ്റി വെച്ചു. സിനിമയ്‌ക്കു വേണ്ടി അല്ല, കാരണം സിനിമ എന്നെ സംബന്ധിച്ചിടത്തോളം പരമ ബോറായ ഒരു സ്ഥലമാണ്‌-ഞങ്ങളെ സംബന്ധിച്ചെടുത്തോളം. പക്ഷേ ജനങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ ആകര്‍ഷണമുളള കാര്യമാണ്. എന്നെ സംബന്ധിച്ച് ഒരു നടന്‍റെ അറിവുകള്‍ മുരടിക്കുന്ന സ്ഥലമാണ് സിനിമ.

ഇവിടെ സിനിമയില്‍ മാനുഷികം അല്ലാത്ത പ്രവൃത്തികള്‍ക്ക്‌ സിനിമാലോകത്ത്‌ നമ്മള്‍ വിധേയരാകേണ്ടി വരും. പല ഇടത്തും നമ്മള്‍ കുനിയേണ്ടി വരും. ചിലപ്പോള്‍ സാഷ്‌ടാംഗം പ്രണമിച്ച്‌ കാലു നക്കേണ്ടതായി വരും. അങ്ങനെ ചെയ്യാതിരുന്നാല്‍ അതിന്‍റെ ബുദ്ധിമുട്ടുകളും ഉണ്ടാകും. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌ പരാജയപ്പെട്ടാല്‍ എന്നിലെ നടന്‍ ആത്മഹത്യ ചെയ്യും, വിജയിച്ചാല്‍ നമുക്ക്‌ വീണ്ടും കാണാം എന്ന്‌.

dsc_0025

അമ്മ, ഫെഫ്ക്ക തുടങ്ങി കലാകാരന്മാരുടെ ഉന്നമനത്തിന് വേണ്ടി എന്നു പറഞ്ഞ് രൂപീകരിക്കപ്പെട്ട സംഘടനകളൊക്കെ കലാകാരന്‍മാര്‍ക്കും അവരുടെ വളര്‍ച്ചയ്ക്കും തടസ്സം നില്‍ക്കുകയാണെന്ന് താങ്കള്‍ പല വേദികളിലും പറഞ്ഞതിലെ കാര്യം…

അത്‌ എനിയ്‌ക്കു മാത്രമല്ല ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. ഇപ്പോഴത്തെ പ്രശ്‌നം തന്നെ അതിനുദാഹരണമാണ്‌. ഇരുപത്തിയഞ്ച്‌ ദിവസത്തെ ഡേറ്റ്‌ വാങ്ങി എന്നെ ബ്‌ളോക്ക്‌ ചെയ്യിച്ച ശേഷം എന്നോട്‌ ഒന്ന്‌ പറയുക പോലും ചെയ്യാതെ എന്നെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന സിനിമയില്‍ നിന്ന്‌ മാറ്റി. ഞാന്‍ അങ്ങോട്ട്‌ വിളിച്ചു ചോദിക്കുമ്പോഴാണ്‌ പ്രൊഡ്യൂസര്‍ പറഞ്ഞത്‌, ചേട്ടാ ഫെഫ്‌ക സമ്മതിച്ചില്ല ‘അമ്മ’ അല്ല കേട്ടോ എന്ന്‌. ഞാന്‍ ചോദിച്ചു ഞാന്‍ അമ്മയാണോ എന്ന് ചോദിച്ചില്ലല്ലോ എന്ന്. അപ്പോള്‍ ഇതിനു പിന്നില്‍ അമ്മയുമാണ്. ഇത്‌ അമ്മയും ഫെഫ്ക്കയും ചേര്‍ന്നുള്ള കളിയാണ്‌.

അമ്മയിലുളള പല അംഗങ്ങളും ചെവിയില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നമ്മള്‍ക്കൊന്നും പറയാന്‍ പറ്റില്ലല്ലോ ആശാനേ , എന്തെങ്കിലും മിണ്ടിയാല്‍ ചാന്‍സുപോകും എന്നൊക്കെ. അവരോടൊക്കെ എനിക്കു സഹതാപമേ ഉളളൂ. അമ്മയില്‍ ശബ്ദമുയര്‍ത്തുന്ന ഏക വ്യക്തി ഞാനാണ്. ഈ ബി ഉണ്ണികൃഷ്ണന്‍ എന്ന ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറി സുധീറിനെ വിളിച്ചു ചോദിച്ചത്രേ നീ ഇവിടൊന്നുമല്ലേ ജീവിക്കുന്നതെന്ന്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അറിയണം. തിലകനെവരെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സിന്ന്. പിന്നെയാണോ നിന്‍റെ കാര്യം. പോക്കാണ് എന്നാണ് സുധീറിനെ ഉണ്ണികൃഷ്ണന്‍ വിളിച്ചു പറഞ്ഞത്.

ഇവിടെ വിനയന്‍റെ പടത്തില്‍ അഭിനയിച്ച അതിനോട് സഹകരിച്ചവര്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്താനാണ് ഇവര്‍ നോക്കുന്നത്. സിബി കെ തോമസ്‌, ഉദയ കൃഷ്‌ണ എന്ന എഴുത്തുകാരേയും സിനിമയില്‍ നിന്ന്‌ മാറ്റി അവരോട്‌ പറഞ്ഞത്‌ അങ്ങനെ സംഭവിച്ചു പോയി എന്നാണ്‌. വിനയന്‍റെ പടത്തില്‍ എടുത്ത ക്യാമറാമാന്‍, സ്റ്റണ്ട്‌ മാസ്റ്റര്‍, ക്യാമറ, ഡാന്‍സ്‌ മാസ്റ്റര്‍ എന്നിവര്‍ക്കും വിലക്ക്‌ ഉണ്ട്‌. പക്ഷേ എന്തു കൊണ്ട്‌ ഈ വിനയന്‍ ചിത്രത്തില്‍ തന്നെ ഉള്‍പ്പെട്ട ഗായിക ചിത്ര, വിജയ്‌ യേശുദാസ്‌, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക് ധൈര്യമില്ല ?

ഫെഫ്‌ക, അമ്മ എന്നീ സംഘടനകള്‍ ഏതാനും ചില തത്‌പരകക്ഷികളുടെ നിലനില്‍പ്പിന്‌ വേണ്ടി മാത്രമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സംഘടനകള്‍ ഇല്ലാതിരുന്ന കാലത്ത്‌ മലയാള സിനിമ വളരെ സ്‌മൂത്ത്‌ ആയി പോയിരുന്നു. ഞാന്‍ പറയുന്നത് കലാകാരന്‍മാര്‍ക്കെതിരെയുളള ഈ സംഘടനകള്‍ പിരിച്ചുവിടണമെന്നാണ്.

ഇന്നലെ പെയ്‌ത മഴയത്ത്‌ കുരുത്ത തകര പോലെ വന്ന ഈ സംഘടനകള്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വന്ന കലാകാരന്മാരെ പോലും ഉപരോധിക്കുന്ന തലത്തിലേക്ക്‌ വളര്‍ന്നു വന്നിരിക്കുന്നു. പറയുന്നതോ ഇത്‌ ആര്‍ട്ടിസ്റ്റിന്റെയും ടെക്‌നിഷ്യന്‍സിന്റെയും നന്മയ്‌ക്കു വേണ്ടി ഉണ്ടാക്കിയ സംഘടനകള്‍ എന്നാണ്‌. ഏതെങ്കിലും തൊഴിലാളി പ്രസ്ഥാനത്തില്‍ ഇതുപോലുളള വൃത്തികേടുകള്‍ നടക്കുന്നുണ്ടോ.

dsc_0012

ഈ തുറന്നു പറച്ചിലുകൊണ്ട് തിലകന് നഷ്ട്ടങ്ങളല്ലേ ഉണ്ടായിട്ടുളളൂ. പലരും ഒറ്റപ്പെടുത്താനും ശ്രമിച്ചില്ലേ…

എന്നെ സംബന്ധിച്ചിടത്തോളം സത്യം കണ്ടാല്‍ മൗനം പാലിക്കാന്‍ പാടില്ല എന്നാണ്‌. അങ്ങനെ ചെയ്‌താല്‍ അത്‌ നീതികേടാണ്‌. നിര്‍ധനനായ ഒരാള്‍ അത്യാവശ്യം വന്ന്‌ എന്തെങ്കിലും മോഷ്‌ടിച്ചാല്‍ അത്‌ ഞാന്‍ കൊടുത്തതാണ്‌ എന്ന്‌ പറയാം. പക്ഷേ അല്ലാതെ സത്യം കണ്ടാല്‍ കണ്ണടയ്‌ക്കുന്നത്‌ പാപമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ഉപരോധം എന്നത് അഭിനയിക്കാനുളള സ്വാതന്ത്ര്യത്തിലേക്കുളള കൈകടത്തലല്ല, നല്ല കത്തികടത്തലാണ്. ഞാനീ തുറന്നടിക്കുന്നത് അതിനെതിരെയാണ്. ഈ ഉപരോധം കലാലോകത്ത് പാടില്ല. ഇത് തുറന്നടിക്കലൊന്നുമല്ല, ചര്‍ച്ചയ്ക്ക് വേണ്ടി ഇട്ടുകൊടുക്കുകയാണ് ഞാന്‍.

പിന്നെ മലയാളിക്ക്‌ എന്‍റെ തുറന്നടിക്കലുകള്‍ കൊണ്ട്‌ ഒരു നഷ്‌ടവും ഇല്ല. മലയാളിക്കു തിലകന്‍ വേണം എന്ന്‌ എന്താണ്‌ ഇത്ര നിര്‍ബന്ധം. മമ്മൂട്ടി ഇല്ലേ. അതു പോരേ ? ഡി.ലിറ്റ്‌ വരെ കിട്ടിയ നടനല്ലേ. തിലകന്‌ പത്മശ്രീ വരെ അല്ലേ ആയുള്ളൂ.മലയാളിക്കു നഷ്‌ടം ഉണ്ടെങ്കില്‍ അവര്‍ എന്‍റെകൂടെ നില്‍ക്കും. ഞാന്‍ വിളിക്കാതെ തന്നെ എന്‍റെ കൂടെ നില്‍ക്കും. കൂടെ നിന്നാല്‍ മലയാള സിനിമയില്‍ ഞാന്‍ ഉണ്ടാകും. അല്ലെങ്കില്‍ എന്നിലെ നടന്‍ ആത്മഹത്യ ചെയ്യും. അതാണ് ഞാന്‍ പറഞ്ഞത്.

പത്ര മാധ്യമങ്ങളില്‍ കൂടിയും അല്ലാതെയും ജനം ഇതിനെതിരെ പ്രതികരിക്കണം. അങ്ങനെ ചെയ്‌താല്‍ ഇവിടെ ആരുടെയും കളികള്‍ നടക്കില്ല. അങ്ങനെ ചെയ്‌താല്‍ നല്ല സിനിമകള്‍ ഉണ്ടാകും. അല്ലാതെ കുറേ കാശുമായി വന്ന്‌ അന്‍പത്‌ ശതമാനം ലാഭം കിട്ടണം എന്ന്‌ പറഞ്ഞ്‌ സിനിമ ചെയ്‌താല്‍ നല്ല സിനിമ ഉണ്ടാകില്ല.

dsc_0015

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും താങ്കള്‍ ഇങ്ങനെ പലതും വെട്ടിതുറന്നു പറഞ്ഞിട്ടും അമ്മയില്‍ നിന്ന് ആരെങ്കിലും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നോ ?

ഇല്ല. എന്നെ ഇതുവരെ ആരും അവിടെ നിന്ന്‌ വിളിച്ചിട്ടില്ല. ഇത്രയും ഒച്ചപ്പാടും ബഹളവും ഉണ്ടായിട്ടും ആരും വിളിച്ചില്ല.

ഞാന്‍ അമ്മയില്‍ പരാതിപ്പെടില്ല. യാതൊരു ശരണവുമില്ലാത്ത ശബരിമലയാണ്‌ ഇപ്പോള്‍ അമ്മ. ഉണ്ടായിരുന്നെങ്കില്‍ നാല്‍പ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എങ്കിലും എന്നെ ഔദ്യോഗികമായി വിളിച്ച്‌ എന്താണ്‌ പ്രശ്‌നം എന്ന്‌ അന്വേഷിച്ചേനേ. എനിക്കു പത്മശ്രീ കിട്ടിയപ്പോള്‍ രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ അമ്മയില്‍ നിന്ന്‌ എന്നെ വിളിച്ചത്‌. വേറേ പലര്‍ക്കും പത്മശ്രീ കിട്ടിയപ്പോള്‍ ഇവിടെ അങ്ങനെ ആയിരുന്നില്ല.

അമ്മയില്‍ തത്‌പരകക്ഷികള്‍ ഉണ്ട്‌ എന്ന്‌ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. മറ്റു പല മെമ്പേഴ്‌സും തമ്മില്‍ തമ്മില്‍ ചെവിയില്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നമുക്ക്‌ ഒന്നും പറയാന്‍ പറ്റില്ലല്ലോ. മിണ്ടാതിരുന്നില്ലേല്‍ ചാന്‍സ്‌ പോകും എന്ന്‌. അവരോട്‌ എനിക്കു സഹതാപതേ ഉള്ളൂ. അമ്മയില്‍ ശബ്‌ദം ഉയര്‍ത്തിയിട്ടുള്ള ഒരേ ഒരു വ്യക്തി ഞാനാണ്‌. അതുകൊണ്ട്‌ ഞാന്‍ ശത്രുവായി.

dsc_0018

ഈ തുറന്നു പറച്ചിലുകള്‍ കൊണ്ട് പല അവസരങ്ങളും നഷ്ട്ടപ്പെടുന്നതായി തോന്നിയിട്ടില്ലേ.

ഇല്ല. ഞാന്‍ ഒറ്റപ്പെട്ടിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ‘ഇവിടം സ്വര്‍ഗ്ഗമാണ്‌, ദ്രോണ, സത്‌ഗമയ’ തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ ഉണ്ടാകില്ലായിരുന്നു.പക്ഷേ ഞാന്‍ മാത്രമേ സത്യം പുറത്ത്‌ പറയുന്നുള്ളൂ. മറ്റുള്ളവര്‍ ഭയന്ന്‌ ഇരിക്കുകയാണ്‌, ചാന്‍സ്‌ പോകുമോ എന്ന്‌ കരുതി.

ഈ പ്രശ്നം ഇത്രയും പുകഞ്ഞുകൊണ്ടിരിക്കുമ്പോഴും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ക്യാപ്റ്റ്ന്‍ രാജു,മാള തുടങ്ങിയവരൊക്കെ നിശബ്ദരല്ലേ

അവരോട്‌ ചോദിച്ചാല്‍ അവര്‍ക്ക്‌ അറിയാന്‍ മേല എന്ന്‌ പറയും. ‘പിലാത്തോസ്‌ ക്രിസ്തുവിന്‍റെ ചോരയില്‍ എനിയ്‌ക്കു പങ്കില്ല എന്ന് പറഞ്ഞില്ലേ’ അതുപോലെ.. കാരണം അവര്‍ക്ക്‌ ചാന്‍സ്‌ നഷ്‌ടപ്പെടുമോ എന്ന ഭയമാണ്‌. എനിക്കാ ഭയം ഒട്ടുമില്ല.

dsc_0003

ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കുക >>

ചിത്രങ്ങള്‍ :വരുണ്‍ രമേഷ്

No comments: