Tuesday, February 23, 2010

അഴീക്കോടിന് മതിഭ്രമം, മോഹന്‍ലാല്‍



തിരുവനന്തപുരം: തിലകന്‍ പ്രശ്ന്നത്തിന്‍മേല്‍ മോഹന്‍ലാലും അഴിക്കോടും കൊമ്പുകോര്‍ക്കുന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തിലകനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അഴീക്കോടിനോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തിലകനുമായുള്ള പ്രശ്നം അമ്മ ചര്‍ച്ച ചെയ്യുമെന്നാണ് പറഞ്ഞത്. ഇത്തരം പ്രശ്ന്നങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് പരിഹരിക്കാന്‍ കഴിയില്ല.പിന്നെ വകയിലൊരമ്മാവന്‍ പറഞ്ഞ ഫലിതമായിട്ടേ അഴീക്കോടിന്‍റെ വാക്കുകളെ കാണുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിലകനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് താന്‍ സുകുമാര്‍ അഴീക്കോടിനു വാക്കുകൊടുത്തുവെന്നത് അദ്ദേഹത്തിനു തോന്നിയ വിചിത്രാനുഭവമായിരിക്കും. കഴിഞ്ഞ ദിവസം അഴീക്കോടിനെ വിളിച്ചിരുന്നുവെന്നത് സത്യമാണ്. നിങ്ങള്‍ എന്തിനാണ് എന്‍റെ മേല്‍ കുതിര കയറുന്നത് .

ഞാന്‍ നിങ്ങള്ക്ക് പറ്റിയ ഇരയില്ല. ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് നിങ്ങള്‍ ഇടപെടുന്നതെന്നുമാണ് അഴീക്കോടിനോട് പറഞ്ഞത്- മോഹന്‍ലാല്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സിനിമാ ഷൂട്ടിംഗിലുള്ള താന്‍ എങ്ങനെയാണ് ദുബായില്‍ നിന്ന് വിളിയ്ക്കുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു. മോഹന്‍ലാല്‍ തന്നെ നിന്ന് വിളിച്ചെന്നും തിലകനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും അഴീക്കോടു പറഞ്ഞിരുന്നു.

അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണ്. ശുദ്ധ അസംബന്ധമാണ് അദ്ദേഹം പറയുന്നത്. തിലകന്‍ പ്രശ്നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുകയാണ്. തിലകന്‍ പ്രശ്നം തനിയ്ക്ക് മാത്രമായി പരിഹരിയ്ക്കാനാവില്ല. ഇത് അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അഴീക്കോടിന്റേയും എന്റേയും രണ്ട് മേഖലകളാണ്.

അദ്ദേഹം എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് മനസ്സിലാവുന്നില്ല. ഞാന്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താണ്. അമിതാഭ് ബച്ചന്‍ അടക്കമുള്ള ഒട്ടുമിക്ക പ്രമുഖ നടന്‍മാരും പരസ്യത്തില്‍ അഭിനയിയ്ക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാളസിനിമയില്‍ തിലകന്‍ ഇനിയും അഭിനയിക്കും. ഞാനും മമ്മൂട്ടിയും തിലകനൊപ്പം ഇനിയും അഭിനയിക്കും. അഭിനയിക്കാന്‍ മടി കാണിക്കുന്നത് തിലകനാണ്. തിലകനെ പോയി കാണാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അഴീക്കോട് ഇക്കാര്യത്തില്‍ മധ്യസ്ഥനാകേണ്ട കാര്യമില്ല.-മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് അരോചകമാണെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടിരുന്നു. കലയിലൂടെ നേടിയെടുത്ത അംഗീകാരവും ജനപിന്തുണയും മോഹന്‍ലാല്‍ സ്വര്‍ണക്കടയുടെ പരസ്യത്തിലൂടെ വില്‍ക്കുകയാണ് ധനമോഹം കൊണ്ടാണ് മോഹന്‍ലാല്‍ ഇത്തരത്തിലുള്ള വാണിജ്യപരസ്യങ്ങളില്‍ അഭിനയിക്കുന്നത്. ധനമോഹത്തിലൂടെ വന്ന സ്വഭാവവ്യതിയാനം സിനിമയ്‌ക്കെതിരായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കടപ്പാട് keralawatch.com

ചിത്രം: വരുണ്‍ രമേഷ്

2 comments:

Mohamed Salahudheen said...

പ്രശസ്തിയാണുപ്രശ്നം

Pranavam Ravikumar said...

കൊള്ളാം... :-)